Stretched Background Image
അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ് അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്റെ ലക്ഷണങ്ങളാണത്. (ബുഖാരി. 1. 6. 301)